Month: August 2024

ദുരിത ബാധിതരൊടൊപ്പം ഒ സി വൈ എം

ദുരിത ബാധിതരൊടൊപ്പം ഒ സി വൈ എം

കോട്ടയം / വയനാട് : വയനാട് പ്രകൃതി ദുരന്തത്തിൽ മലങ്കര ഓർത്തഡോൿസ്‌ സുറിയാനി സഭ ക്രൈസ്തവ യുവജന പ്രസ്ഥാനം അടിയന്തിര എക്സിക്യൂട്ടീവ് സമിതി യോഗം ചേർന്ന് ദുരിത ബാധിതർക്ക് അടിയന്തിര സഹായം ചെയ്യുന്നതിനെക്കുറിച്ച് ചർച്ച ചെയ്തു. പരിശുദ്ധ കാതോലിക്കാ ബാവ യുടെ കല്പന അനുസരിച്ച് ബത്തേരി ഭദ്രാസനവുമായി ചേർന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുവാൻ യൂണിറ്റുകൾക്ക് നിർദേശം നൽകുവാൻ തീരുമാനിച്ചു. ദുരിത ബാധിതർക്ക് ശാശ്വതമായ പുനരധിവാസ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കുവാൻ പ്രസിഡന്റ്‌ അഭിവന്ദ്യ ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത നിർദ്ദേശിച്ചു.  പരിശുദ്ധ സഭയുടെയും പരിശുദ്ധ ബാവയുടെയും തീരുമാനങ്ങൾക്കും നിർദ്ദേശങ്ങൾക്കും വിധേയമായി മാത്രമായിരിക്കണം പ്രവർത്തനങ്ങൾ എകോപിപ്പിക്കേണ്ടത് എന്ന് പ്രസിഡന്റ്‌ തിരുമേനി അഭിപ്രായപ്പെട്ടു.  വയനാട്ടിൽ ദുരന്തമുഖത്ത് സന്നദ്ധ പ്രവർത്തനത്തിൽ പങ്കാളികളായിക്കൊണ്ടിരിക്കുന്ന ഫാ ബസിൽ,  ശ്രീ സനീഷ് എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.  ഫാ. ഷിജി കോശി, ഫാ വിജു ഏലിയാസ്, പേൾ കണ്ണേത്ത്,  റോബിൻ വർഗീസ്, നിഖിൽ ജോയി,  രെഞ്ചു എം ജെ, സജയ് തങ്കച്ചൻ എന്നിവർ പ്രസംഗിച്ചു.  ദുരന്തത്തിൽ മരണമടഞ്ഞവർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.  പ്രകൃതി ദുരന്തങ്ങളിൽ കൂടുതൽ ജാഗ്രത പാലിക്കുവാനും ത്വരിത ഗതിയിലുള്ള രക്ഷാപ്രവർത്തനത്തിനുള്ള സാഹചര്യം ഒരുക്കുവാനും അധികാരികളോട് യോഗം ആഹ്വാനം ചെയ്തു.  സഹായങ്ങൾ അർഹതപ്പെട്ടവരുടെ കൈകളിൽ തന്നെ എത്തുന്നുണ്ടെന്നു ഉറപ്പു വരുത്തുവാൻ ജാഗ്രത പുലർത്തണമെന്ന് യോഗം ആവശ്യപ്പെട്ടു.  ദുരന്തത്തിൽ നിന്ന് രക്ഷപെട്ടു ഒറ്റപ്പെട്ടു ജീവിതത്തിനുള്ള വഴിയടഞ്ഞിരിക്കുന്നവരുടെ കൃത്യമായ വിവരശേഖരണം നടത്തി അവരെ സ്വഭാവീക ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരുവാനുള്ള കൂട്ടായ പരിശ്രമത്തിൽ കേരള സമൂഹമനസാക്ഷിയുടെ കൂടെ എന്നും ഓർത്തഡോൿസ്‌ ക്രൈസ്തവ യുവജന പ്രസ്ഥാനം സർവ്വസജ്ജമായി ഉണ്ടാകും എന്നും പ്രസിഡന്റ്‌ തിരുമേനി പ്രസ്താവിച്ചു. ബത്തേരി ഭദ്രാസന മെത്രാപോലീത്തായുമായി നിരന്തരം ആശയ വിനിമയം നടത്തുന്നുണ്ടെന്നും ഭദ്രാസനത്തിന്റെ നിർദ്ദേശം ലഭിച്ചാൽ അവിടെ എത്തുവാൻ താൻ സന്നദ്ധനാണെന്നും ഡോ ഗീവർഗീസ് മാർ യൂലിയോസ് മെത്രാപോലീത്ത പറഞ്ഞു.